തിരുവനന്തപുരം: അടൂർ പ്രകാശ് നടത്തിയ പരാമർശം അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും അത് താനുമായി കൂട്ടിച്ചേർക്കേണ്ടതില്ലെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. എന്ത് വിഷയമുണ്ടായാലും തന്നെ പ്രതിയാക്കാനാണ് ശ്രമമെന്നും അദ്ദേഹം വിമർശിച്ചു. പാർട്ടിയിൽ അഭിപ്രായ വ്യത്യാസങ്ങൾ സ്വാഭാവികമാണ്
എന്നാൽ പാർട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പാർട്ടി വേദികളിൽ മാത്രമാണ് പറയേണ്ടത്. അതിന് അവസരം ലഭിക്കുന്നില്ലെങ്കിൽ നേതാക്കളോട് കാര്യങ്ങൾ അറിയിക്കാം. തന്റെ ശൈലി അതാണെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ നാലുമാസവും സർക്കാരിനൊപ്പമാണ് താൻ നിന്നതെന്നും കെ.സി പറഞ്ഞു.
കോൺഗ്രസിൽ ശക്തരും കഴിവുള്ളവരും അല്ലാത്തവരുമായ നിരവധി നേതാക്കന്മാരുണ്ട്. അവരുടെ വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളെ പെട്ടെന്ന് കെ.സി.വേണുഗോപാലുമായി കൂട്ടിച്ചേർക്കാൻ ചിലർ ശ്രമിക്കുന്നു. എന്തിനാണ് വീണ്ടും വീണ്ടും ഇങ്ങനെ ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു. 2029-ൽ രാജ്യത്തെ ജനാധിപത്യം തകർക്കുന്ന സിസ്റ്റത്തെ മാറ്റി അവിടെ ഒരു പുതിയ ജനാധിപത്യ സർക്കാരിനെ കൊണ്ടുവരാൻ കഴിയണം.
അതിനുള്ള ജോലി ചെയ്യുക എന്നതാണ് തന്റെ മനസിലുള്ള ഒരേയൊരു ചിന്ത. ഇതിനായി എന്ത് ത്യാഗം സഹിക്കാനും തയാറായി ജോലി ചെയ്യുന്ന ആളാണ് താനെന്നും മറ്റുള്ളവരും അങ്ങനെയായിരിക്കും എന്ന് വിശ്വസിക്കുന്നതായും അദേഹം പറഞ്ഞു.